വാഷിംഗ്ടൺ ഡിസി: ഇറേനിയൻ ആക്രമണം മൂലം ഗൾഫ് രാജ്യങ്ങൾക്കുണ്ടായ നഷ്ടം നികത്താൻ ഇറാന്റെതന്നെ സ്വത്തുക്കൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് അമേരിക്ക അലോചിക്കുന്നതായി റിപ്പോർട്ട്. ഗൾഫ് രാജ്യങ്ങളിലുണ്ടായ നാശത്തിന്റെ കണക്കെടുക്കാൻ അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് പ്രത്യേക ടീമിനു നിർദേശം നല്കിയതായും പറയുന്നു.
പുനരുദ്ധാരണത്തിനും അറ്റകുറ്റപ്പണിക്കുമായിരിക്കും തുക വിനിയോഗിക്കുക. ഇറാൻ മൂലം ഭാവിയിൽ ഗൾഫിലുണ്ടാകുന്ന നാശവും ഇങ്ങനെ നികത്തും.
അമേരിക്ക മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ 2,400 കോടി ഡോളർ വരുന്ന ആസ്തി വിട്ടുകിട്ടാതെ സമാധാന ധാരണ ഉണ്ടാകില്ലെന്ന് ഇറേനിയൻ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് മൊഹ്സിൻ റേസായി അമേരിക്കയിലെ സിഎൻഎൻ ചാനലിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞതിനു പിന്നാലെയാണ് ഈ നീക്കം.
അതേസമയം, ഇറാന്റെ ഏതെല്ലാം ആസ്തികളാണ് അമേരിക്ക പരിഗണിക്കുന്നതെന്നു വ്യക്തമാക്കിയിട്ടില്ല. മരിവിപ്പിച്ചിരിക്കുന്ന ആസ്തികൾ മാത്രമല്ല ഉൾപ്പെടുന്നതെന്നാണു സൂചന.
അമേരിക്കൻ നീക്കം ഇറാനുമായുള്ള ദുർബല വെടിനിർത്തലിനു പുതിയ പരീക്ഷയാകും. കഴിഞ്ഞ ദിവസങ്ങളിലും ഇരു രാജ്യങ്ങളും ആക്രമണം തുടർന്നിരുന്നു. ഇറാന്റെ ഡ്രോണുകളും റഡാറും അമേരിക്ക നശിപ്പിച്ചു. കുവൈത്തിലെയും ബഹറിനിലെയും അമേരിക്കൻ താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വിട്ടു.
ഇതിനിടെ, പാക്കിസ്ഥാന്റെ സമാധാന നീക്കങ്ങൾക്കു കാര്യമായ ഫലമുണ്ടായിട്ടില്ല.പാക് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി കഴിഞ്ഞദിവസം ഇറാനിലെത്തി. പരമോന്നത നേതാവ് മുജ്തബ ഖമനയ്ക്കുള്ള കത്തുമായിട്ടാണ് അദ്ദേഹം എത്തിയതെന്നു റിപ്പോർട്ടുണ്ട്.